പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ
മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ
നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. പൂവം കടവിൽ
നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ
തെരൂരിലെ ഷഹർബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.
പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവംകടവിലാണ് വിദ്യാർഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്ന് രാവിലെയോടെയാണ് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. ഉച്ചയോടെ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഇരിക്കൂർ സിബ്ഗ കോളേജിലെ അവസാന വർഷ ബി.എ. സൈക്കോളജി ബിരുദ വിദ്യാർഥിനികളായിരുന്നു ഷഹർബാനയും സൂര്യയും. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇവരെ പുഴയിൽ കാണാതായത്. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവർ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.