വിവാഹ മണ്ഡപത്തിൽ മദ്യപിച്ചെത്തി മാതാപിതാക്കളെ തല്ലിയെന്ന് ആരോപിച്ച് വരനെതിരെ വധു പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ ബണ്ടയിലാണ് സംഭവം. അഞ്ജലി എന്ന് പേരായ 18 വയസുകാരിയായ വധുവാണ് വരൻ ദിലീപിനെതിരെ (25) പൊലീസിൽ പരാതി നൽകിയത്. വിവാഹം ആചാരപ്രകാരം നടക്കുന്നതിനിടെയാണ് മദ്യലഹരിയിലായിരുന്ന ദിലീപ് അഞ്ജലിയുടെ മാതാപിതാക്കളായ സന്തോഷിനെയും മനീഷയേയും തല്ലിയത്.
പൊടുന്നനെ ഇരുവിഭാഗവും ചേരിതിരഞ്ഞതോടെ വിവാഹം അലങ്കോലമായി. വിവാഹചടങ്ങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ട വധു തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വരൻ ദിലീപിനെയും സഹോദരൻ ദീപകിനെയും അച്ഛൻ രാംകൃപാലിനെയും മറ്റൊരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാൽ ഇരുവിഭാഗവും തമ്മിൽ നടന്ന ചർച്ചയിൽ സംഭവം ഒത്തുതീർക്കാൻ തീരുമാനിച്ചു. വിവാഹവുമായി മുന്നോട്ട് പോകാമെന്ന് ധാരണയായി. പിന്നീട് വിദ്യാവാസിനി ക്ഷേത്രത്തിൽ വച്ച് വധൂവരന്മാർ വരണമാല്യം അണിയിച്ച് വിവാഹിതരായി. പരാതിക്കാരി പരാതി പിൻവലിച്ചുവെന്നും മറ്റാരും പരാതിയുമായി മുന്നോട്ട് വന്നില്ലെന്നും ഗിർവാൻ സ്റ്റേഷൻ എസ്എച്ച്ഒ രാകേഷ് കുമാർ തിവാരി പറഞ്ഞു.