ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്നുപേര്‍ പിടിയിലായി. ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലെ മുച്ചുമാരി ഗ്രാമത്തിലാണ് മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായവരില്‍ രണ്ടുപേര്‍ക്ക് 12 വയസ്സാണ് പ്രായം. ഒരാള്‍ക്ക് 13 വയസ്സും. ഇവര്‍ യഥാക്രമം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കൊലപാതകം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണവും പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധനയുമാണ് നിര്‍ണായകമായത്. തുടര്‍ന്ന് മൂന്ന് കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതായി ഇവര്‍ സമ്മതിക്കുകയായിരുന്നു. മൃതദേഹം കനാലിലൊഴുക്കിയെന്നും പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം, ആഴമേറിയ കനാലില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
കാണാതായത് ഞായറാഴ്ച മുതല്‍...
ഞായറാഴ്ച വൈകിട്ടാണ് എട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതിനല്‍കിയത്. മുച്ചുമാരിയിലെ പാര്‍ക്കില്‍ കളിക്കാന്‍പോയ മകളെ പിന്നീട് കാണാതായെന്നായിരുന്നു പിതാവിന്റെ പരാതി. ഉടന്‍തന്നെ പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപവാസികളെയും നാട്ടുകാരെയും ചോദ്യംചെയ്തു. പക്ഷേ, പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. ഇതോടെയാണ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പോലീസ് നായയെത്തി നടത്തിയ പരിശോധനയിലാണ് നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.