അടുത്തിടെയാണ് ജിയോ, എയര്‍ടെല്‍, വി എന്നീ ടെലികോം സേവനദാതാക്കള്‍ മൊബൈല്‍ താരിഫ് പ്ലാനുകളുടെ നിരക്കുയര്‍ത്തിയത്. ഇതില്‍ 999 രൂപയുടെ പ്ലാന്‍ 1199 രൂപയായി ഉയര്‍ത്തിയിരുന്നു. ഇപ്പോളിതാ 999 രൂപയുടെ മറ്റൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. മുമ്പുണ്ടായിരുന്ന 999 പ്ലാനില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രധാനമായും എയര്‍ടെലിന്റെ 979 രൂപയുടെ പ്ലാനിനെ നേരിടുന്നതിന് വേണ്ടിയുള്ളതാണ്.
നേരത്തെ 84 ദിവസമായിരുന്നു പ്ലാനിന്റെ വാലിഡിറ്റിയെങ്കില്‍ പുതിയ പ്ലാനില്‍ 98 ദിവസം വാലിഡിറ്റി ലഭിക്കും. 14 ദിവസം അധികമായി ലഭിക്കും. കൂടുതല്‍ ദിവസം വാലിഡിറ്റി നല്‍കിയതിനൊപ്പം പഴയ പ്ലാനിലുണ്ടായിരുന്ന ദൈനംദിന ഡാറ്റ വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ 3 ജിബി ദിവസേന ഉണ്ടായിരുന്നത് ഇപ്പോള്‍ 2 ജിബി ആയി കുറഞ്ഞു. വാലിഡിറ്റി കാലാവധിയില്‍ നേരത്തെ 252 ജിബി ആകെ ഡാറ്റ ലഭിച്ചിരുന്നിടത്ത് 196 ജിബി ഡാറ്റയാണ് ഇപ്പോള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. പ്രതിദിനം 100 എസ്എംഎസും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും ഈ പ്ലാനില്‍ ലഭിക്കും.
ഈ പ്ലാനിനോട് മത്സരിക്കുന്ന 979 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ നല്‍കുന്നുണ്ട്. ഇതില്‍ 2 ജിബി പ്രതിദിന ഡാറ്റ, ദിവസേന 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും. 5ജി ഡാറ്റയും ഇതില്‍ ഉള്‍പ്പെടുന്നു. 56 ദിവസത്തെ സൗജന്യ ആമസോണ്‍ പ്രൈം അംഗത്വവും എയര്‍ടെല്‍ ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.