മൈക്രോസ്ഫ്റ്റിനെയും ആപ്പിളിനെയും പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി എൻവിഡിയ... #NVIDIA

 


പ്രവചനങ്ങള്‍ തെറ്റിയില്ല, മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും കുത്തക മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന നേട്ടം കൈവരിച്ച് ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയ. എന്‍വിഡിയയുടെ ഓഹരിയില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

എന്‍വിഡിയയുടെ ഓഹരി ചൊവ്വാഴ്ച 3.5 ശതമാനം ഉയര്‍ന്ന് വിപണി മൂല്യം 334000 കോടി ആയി ഉയര്‍ന്നതോടെ ഒന്നാമതുണ്ടായിരുന്ന മൈക്രോസോഫ്റ്റിനെ കമ്പനി മറികടന്നു. ജൂണ്‍ ആദ്യവാരം ആപ്പിളിനെ മറികടന്ന് എന്‍വിഡിയ ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി മാറിയിരുന്നു. അധികം വൈകാതെ മൈക്രോസോഫ്റ്റിനെയും മറികടക്കുമെന്ന് അന്ന് പ്രവചിക്കപ്പെട്ടിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അനുയോജ്യമായ ചിപ്പുകള്‍ക്ക് ആവശ്യക്കാരേറിയതാണ് എന്‍വിഡിയയുടെ മൂല്യം വര്‍ധിക്കാന്‍ സഹായകമായത്. ഈ വര്‍ഷം മാത്രം 170 ശതമാനം വര്‍ധനവാണുണ്ടായത്. 2022 ല്‍ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 1100 ശതമാനത്തിന്റെ അതിവേഗമുള്ള കുതിപ്പ്.വെറും 96 ദിവസം കൊണ്ടാണ് എന്‍വിഡിയയുടെ ഓഹരി 2 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടിയിലെത്തിയത്. 945 ദിവസമെടുത്താണ് മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിച്ചത്, 1044 ദിവസമെടുത്താണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. 2007-ല്‍ ഐഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയെന്ന നേട്ടം ആപ്പിളിന്റെ കൈവശമായിരുന്നു.

MALAYORAM NEWS is licensed under CC BY 4.0