എന്‍.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അതിനിടെ ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ യു. ജി. പുനഃപരീക്ഷകൾക്ക് മാറ്റമില്ല. 1563 വിദ്യാർഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിക്ക് മുൻപിൽ പ്രതിഷേധിച്ച എൻ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തു. പാർലമെന്‍റ് തിങ്കളാഴ്ച തുടങ്ങാനിരിക്കെ പരീക്ഷാ ക്രമക്കേടുകളിൽ നിർണ്ണായക തീരുമാനങ്ങൾ എടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ.