നൈന ഫെബിനിന്റെ ആട്ടവും പാട്ടുമെല്ലാം മുളങ്കാടുകൾക്കു വേണ്ടി... #Kerala_Newsപെരുമ്പാവൂർ: വായനാവാരാഘോഷത്തിൽ വളയൻചിറങ്ങര ഗവണ്മെന്റ് എൽ.പി. സ്ക്കൂളിലെ കൊച്ചുകൂട്ടുകാർക്കു മുമ്പിൽ ഇത്തവണ അതിഥിയായെത്തിയത് ബാംബൂ ഗേൾ നൈന ഫെബിനായിരുന്നു. ആട്ടവും പാട്ടും കൂട്ടിക്കലർത്തി കുട്ടികൾക്കിടയിലേയ്ക്കിറങ്ങിയ നൈന അവരെ നിമിഷനേരംകൊണ്ടാണ് കയ്യിലെടുത്തത്. വരും തലമുറ അറിഞ്ഞിരിയ്ക്കേണ്ട പരിസ്ഥിതി പാഠങ്ങൾ സംഗീതത്തിലൂടെ കുഞ്ഞു മനസ്സുകളിലേയ്ക്ക് എത്തിയ്ക്കുക എന്നതായിരുന്നു നൈനയുടെ ലക്ഷ്യം. താളമിട്ടും കൂടെപ്പാടിയും പല കുഞ്ഞുങ്ങളും നൈനയ്ക്കൊപ്പം ചേർന്നു.
സ്‌കൂളിലെ പിടിഎയുടെ ക്ഷണം സ്വീകരിച്ചാണ് എത്തിയത്. മുളയുടെ തോഴി, ബാംബൂ ഗേൾ തുടങ്ങിയ പേരുകളിൽ കേരളക്കരയാകെ അറിയപ്പെടുന്ന ഉണ്ണിമോൾ നൈന ഫെബിന്റെ പാട്ടും നൃത്തവുമെല്ലാം മുളകൾക്കും പരിസ്ഥിതിയ്ക്കും വേണ്ടിയുള്ളതാണ്. പച്ചപ്പിനെ മാനവികതയോട് ചേർത്തു നിർത്തുന്ന പരിസ്ഥിതി രാഷ്ട്രീയമാണ് ഇവർ സമൂഹത്തോട് പാട്ടിലൂടെ പറയുന്നത്. മുളയിൽ തീർത്ത സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു കുട്ടികൾക്ക് മുമ്പിൽ മിന്നുന്ന പ്രകടനം. മുളവർത്തമാനവും മഴപ്പെയ്ത്തും തീക്കനൽ വെയിലും നാട്ടുപാട്ടുകളും ചേർന്ന പരിസ്ഥിതി രാഷ്ട്രീയം പറഞ്ഞും പാടിയും നിരന്തരമായി ഇവിടെ ഒച്ചയുണ്ടാക്കിക്കൊണ്ടേയിരിക്കും എന്നാണ് നൈന പറയുന്നത്.