അധ്യാപകനെതിരെ വ്യാജ പോക്സോ കേസ്... #Crime_News

  


ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന്റെ പേരിൽ വ്യാജ പോക്സോ കേസ് നൽകിയതിനെതുടർന്നുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്. ഇതോടെ വ്യാജ പരാതി കൊടുത്ത് കുട്ടികളെ പീഡിപ്പിച്ച അധ്യാപികമാർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

അധ്യാപകനെതിരേ പോക്സോ പരാതി നൽകാൻ ഇതേ സ്കൂളിലെ രണ്ട് അധ്യാപികമാർ വിദ്യാർഥിനികളെ നിർബന്ധിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കളും പി.ടി.എ. ഭാരവാഹികളും നേരത്തേ രംഗത്തെത്തിയിരുന്നു. പത്താം തരത്തിലെ രണ്ട് വിദ്യാർഥിനികളെ കൗൺസലിങ് മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളക്കടലാസിൽ ഒപ്പിടിവിച്ചു വാങ്ങിയത്.

എസ്.എസ്.എൽ.സി. മാതൃകാപരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളെക്കൊണ്ട് കടലാസിൽ ഒപ്പിട്ട് വാങ്ങിയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി വന്നപ്പോഴാണ് കേസിന്റെ കാര്യംതന്നെ കുട്ടികൾ അറിയുന്നത്. അധ്യാപകനെതിരെ യാതൊരു പരാതിയും ഇല്ലാത്ത കുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോയതിനെത്തുടർന്ന് കുട്ടികൾ മാനസികമായി തകർന്നതായി രക്ഷാകർത്താക്കൾ പറഞ്ഞു.

മാനസികസംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷ നല്ല നിലയിൽ എഴുതാൻ കഴിഞ്ഞില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമോ എന്ന ഭയത്തിലാണെന്നും അവർ പറഞ്ഞു.

മക്കളുടെ ഭാവിയെ തന്നെ തകർക്കാൻ കൂട്ടുനിന്ന അധ്യാപികമാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈൽഡ് ലൈൻ എന്നിവർക്കും പരാതി നൽകിയിരുന്നു.

പോക്സോ കേസിൽ അധ്യാപകനെതിരെയുള്ള നടപടി റദ്ദാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവ് ജില്ലാ പോലീസ് മേധാവിക്കും ചൈൽഡ് ലൈനും വീണ്ടും പരാതി നൽകിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0