വിഷ്ണുപ്രിയയ്ക്ക് നീതി .. പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും #Justice

 


വിഷ്ണു പ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും. തലശ്ശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റത്തിനാണ് ശിക്ഷ. കൊലപാതകത്തിന് ജീവപര്യന്തവും അതിക്രമിച്ച് കയറി ആക്രമിച്ചതിന് 10 വർഷവും തടവ്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. വിധി തൃപ്തികരവും സന്തോഷകരവുമാണെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.

2022 ഒക്‌ടോബർ 22നാണ് പാനൂർ വല്ലായി സ്വദേശി വിഷ്ണുപ്രിയ എന്ന 23കാരി കൊല്ലപ്പെട്ടത്. പട്ടാപ്പകൽ വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. കൊലപാതകം നടന്ന ദിവസം തന്നെ പ്രതിയെ പിടികൂടിയിരുന്നു. ശ്യാംജിത്ത് തന്നെ എല്ലാം ഒറ്റയ്ക്ക് പ്ലാൻ ചെയ്ത് നടപ്പിലാക്കി. 49 പ്രോസിക്യൂഷൻ സാക്ഷികളും 40 തൊണ്ടിമുതലുകള്‍, 102 രേഖകളും കുറ്റപത്രത്തിൻ്റെ ഭാഗമാണ്.

വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണവും കൊലപാതകത്തിന് ശേഷമുള്ളവയാണ്. കഴുത്ത് 75 ശതമാനം മുറിച്ച് തൂങ്ങിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുറ്റകൃത്യത്തിൻ്റെ ക്രൂരത വെളിപ്പെടുത്തുന്നു. പ്രതി  ഉപയോഗിച്ച ചുറ്റിക, ഉളി, ഇരുതല മൂർച്ചയുള്ള കത്തി, ഇലക്ട്രിക് കട്ടർ തുടങ്ങി എല്ലാ ആയുധങ്ങളും കണ്ടെടുത്തു. കേസിൽ ശാസ്ത്രീയ തെളിവുകളും പ്രധാനമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0