ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 21 ഫെബ്രുവരി 2024 #NewsHeadlines

• ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. കേന്ദ്ര സർക്കാരിന്റെ മറുപടി പ്രതീക്ഷിച്ച് കഴിഞ്ഞ ദിവസം നിർത്തിവെച്ച കർഷക പ്രക്ഷോഭം ബുധനാഴ്ച പുനരാരംഭിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും തീരുമാനം. രാവിലെ 11 നാണ് ഡൽഹി ചലോ മാർച്ച് ആരംഭിക്കുക.

• എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.

• കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭ എം പി. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.

• ചണ്ഡീഗഢ് മേയര്‍ തെരഞ്ഞടുപ്പ് അസാധുവാക്കി സുപ്രീം കോടതി. കൃത്രിമം നടത്തി വിജയിപ്പിച്ച ബിജെപിയുടെ മനോജ് സോങ്കര്‍ക്ക് പകരം പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. വരണാധികാരി അനില്‍ മസീഹിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

• സംസ്ഥാനത്തിന് നൽകാനുള്ള കേന്ദ്ര വിഹിതം കിട്ടണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.