രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് കർണാടക വനത്തിൽ ഉരുൾപൊട്ടലുണ്ടായി. ഇതുമൂലം ഉളിക്കൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. വയത്തൂർ പുഴ കരകവിഞ്ഞ് മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. വട്ട്യംതോട്, മാത്തറ, വയത്തൂർ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ആനപ്പാറ, മണിക്കടവ് പ്രദേശങ്ങളിലെ രണ്ട് കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീതിയിൽ മാറ്റിപ്പാർപ്പിച്ചു.
വയത്തൂർ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. വളവുപാറ വടക്കേതിൽ ചിന്നമ്മയുടെ വീട്ടിലേക്ക് വെള്ളം കയറി. മണിക്കടവ് ടൗൺ വെള്ളത്തിൽ മുങ്ങി. നിരവധി കടകളിൽ വെള്ളം കയറി. പൊയ്യൂർകരി, കോക്കാട്, ഏഴൂർ പാടങ്ങളും വെള്ളത്തിനടിയിലാണ്. കൃഷിയും വ്യാപകമായി നശിച്ചു. പുഴകളിൽ നീരൊഴുക്ക് ശക്തമായതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിടുകയാണ്. ആറളം, ഇരിട്ടി, ബാരാപ്പുഴ, വയത്തൂർ പുഴകളിലും ക്രമരഹിതമായ ഒഴുക്കുണ്ട്. ജലനിരപ്പും ക്രമാതീതമായി ഉയർന്നു.
തുടര്‍ച്ചയായ മഴ, കണ്ണൂര്‍ ജില്ലയിലെ ഉളിക്കലില്‍ ഉരുള്‍ പൊട്ടല്‍.. #Ulikkal
By
Open Source Publishing Network
on
ജൂലൈ 25, 2023