#Train_Fire_Case : ട്രെയിൻ തീ വച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും നാടകീയത, കണ്ണൂരിൽ പിടിയിലായത് പ്രതിയല്ലെന്ന് പോലീസ്.

കോഴിക്കോട് : എലത്തൂരിൽ ട്രെയിൻ തീ വെപ്പ് സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ആൾക്ക് തീവെപ്പ് കേസുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം.  ചികിത്സ തേടിയെത്തിയയാൾ ഒഡീഷ സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

  ചികിത്സ തേടിയെത്തിയയാളാണ് മർദനക്കേസിൽ ഉൾപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.  അതിനിടെ എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന് സമീപത്തെ റോഡിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ടോയെന്നും തീവണ്ടി തീപിടിത്തവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

  കഴിഞ്ഞ ദിവസം ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു.  മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി.വിക്രമനാണ് സംഘത്തലവൻ.  18 അംഗങ്ങളാണ് സംഘത്തിലുള്ളത്.

  തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജ്, താനൂർ ഡിവൈഎസ്പി വി.വി.ബെന്നി എന്നിവർ അംഗങ്ങളാണ്.  കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും അംഗങ്ങളാണ്.