#Rain_Alert : കുട കരുതിക്കോളൂ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
  കൊല്ലത്ത് മരക്കൊമ്പ് വീണ് പരിക്കേറ്റ് ഇഞ്ചക്കാട് മംഗലത്ത് വീട്ടിൽ ലളിതാകുമാരി (65)യാണ് മരിച്ചത്.  കൊട്ടാരക്കരയിൽ നൂറിലധികം വീടുകൾ ഭാഗികമായി തകർന്നു.  അടൂരിൽ മരം വീണ് സ്‌കൂട്ടർ യാത്രക്കാരനും മരിച്ചു.  നെല്ലിമൂട് സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്.  സ്‌കൂട്ടറിൽ പോവുകയായിരുന്ന മനുവിന്റെ ദേഹത്തേക്ക് മരം വീണു.

  അതേസമയം സംസ്ഥാനത്ത് വേനൽമഴ മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറവാണ്.  42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ 37.4 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.