ന്യൂഡൽഹി : വരും ദിവസങ്ങളിൽ രാജ്യം കൊടും ചൂടിലേക്ക് നീങ്ങിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയരുന്ന താപനിലയെ കേരളവും ജാഗ്രതയോടെ സമീപിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്.
അതിനിടെ, അടുത്ത രണ്ട് ദിവസങ്ങളിൽ മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ആഗോളതാപനില വർധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ ലോകം ആശങ്കയിലാണ്. 1901-ന് ശേഷം 2023-ലാണ് രാജ്യത്ത് ഏറ്റവും ചൂടേറിയ ഫെബ്രുവരി.