സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനുളള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു.
മൂന്ന് ദിവസം കൂടി അതി തീവ്ര മഴ
കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിളും വ്യാഴാഴ്ച 9 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മിന്നൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.
ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണമെന്നും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിതീവ്രമഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.
മത്സ്യ തൊഴിലാളികൾക്കുള്ള നിയന്ത്രണം നീട്ടി.
മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തെക്കൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. കടൽ പ്രക്ഷുബ്ദമായി തുടരുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള നിയന്ത്രണം അഞ്ചാം തീയതിവരെ നീട്ടി.