തിരുവനന്തപുരത്തെ പോലീസിന്റെ വിദ്യാർത്ഥി നായാട്ട്: എസ്.എഫ്.ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് ഇന്ന് #SFIStrike

തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ഇന്ന് (ഒക്ടോബർ ഒന്ന്, വ്യാഴം) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പ് മുടക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് ആക്രമണത്തിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് സംഘടന അറിയിച്ചു.

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപം എസ്.എഫ്.ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിനടുത്തെത്തിയപ്പോഴായിരുന്നു സംഘർഷം ആരംഭിച്ചത്. ഇതിന് പിന്നാലെ പോലീസ് ഹോസ്റ്റലിൽ കടന്ന് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

സംഘർഷത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകർ കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, യൂത്ത് കോൺഗ്രസുകാരാണ് പ്രകോപനം സൃഷ്ടിച്ചതെന്നും കാമ്പസിൽ കടന്ന് കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചെന്നും എസ്.എഫ്.ഐ പ്രവർത്തകർ തിരിച്ച് ആരോപിച്ചു.

പോലീസ് ഏകപക്ഷീയമായി ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ലാത്തിച്ചാർജ് നടത്തിയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സജ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളെ തലയ്ക്കടക്കം ക്രൂരമായി മർദ്ദിച്ചതായും അദ്ദേഹം ആരോപിച്ചു. പോലീസ് ലാത്തിച്ചാർജിനെതിരെ നടപടി വേണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് എസ്.എഫ്.ഐയുടെ ഈ പഠിപ്പ് മുടക്ക് സമരം.


Hashtags: #SFI #SFIStrike #Kerala #Trivandrum #StudentProtest #YouthCongress #PoliceAction #PoliticsKerala
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0