ഹോർമുസ് സംഘർഷം രൂക്ഷം: ഇറാനിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ഇറാനും; ഗൾഫ് മേഖല യുദ്ധഭീതിയിൽ, ഇന്ത്യൻ നാവികർക്ക് മുന്നറിയിപ്പ് #USIran

Post Image
ദുബായ്: ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ ആക്രമണം ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കും വിപുലീകരിച്ചു. തുടർച്ചയായ ആറാം രാത്രിയിലും നടത്തിയ വൻ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ സഖ്യകക്ഷികൾക്കെതിരെ ഇറാൻ മിസൈൽ ആക്രമണം തീവ്രമാക്കുകയും വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലേക്കും സിറിയയിലെ യുഎസ് പ്രത്യേക ഓപ്പറേഷൻ കമാൻഡ് സെന്ററിലേക്കും ആക്രമണം വ്യാപിപ്പിക്കുകയും ചെയ്തു.

കുവൈത്തിലെ യുഎസ് സൈനിക താവളം, ഖത്തറിലെ യുഎസ് വ്യോമതാവളം, ഒമാനിലെ യുഎസ് മാരിടൈം സർവൈലൻസ് റഡാറുകൾ, ബഹ്‌റൈനിലെ വ്യോമതാവളത്തിലെ ഹെലികോപ്റ്ററുകൾ, ജോർദാനിൽ നിലയുറപ്പിച്ച യുഎസ് ജെറ്റുകൾ എന്നിവയ്‌ക്കുനേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) അറിയിച്ചു. കുവൈത്തിലെ കടൽജല ശുദ്ധീകരണ നിലയത്തിനും വൈദ്യുതി ഉൽപ്പാദന കേന്ദ്രത്തിനും ഇറാന്റെ ആക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഖത്തർ സേന തടഞ്ഞ വ്യോമാക്രമണത്തിന്റെ അവശിഷ്ടം തട്ടി ഒരു കുട്ടിക്ക് പരിക്കേറ്റു.

തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെടുകയും അവരുടെ ഒരു വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യ വികസിപ്പിച്ച ചബഹാർ തുറമുഖത്തെ നിരീക്ഷണ ടവറും അമേരിക്ക തകർത്തു. താത്കാലിക കരാർ ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 38 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സ്ഥിരീകരിച്ചു.

ഇറാന്റെ തെക്കൻ ഭാഗത്തെ പ്രധാന ഭൂപ്രദേശത്ത് നിന്ന് വിഘടിപ്പിക്കാനാണ് അമേരിക്കൻ ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ ഏഴ് പാലങ്ങളും ബന്ദർ അബ്ബാസ് നഗരത്തിലെ റെയിൽവേ പാളവും തകർക്കപ്പെട്ടു. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത്‌ ഹോർമുസ്‌ കടലിടുക്ക്‌ വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ ഷിപ്പിങ്‌ കമ്പനികൾക്ക് മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.


Hashtags: #USIranConflict #ഹോർമുസ് #ഗൾഫ് #ഇറാൻ #യുഎസ് #IndianNavy #MiddleEastCrisis #MalayoramNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0