കള്ളാടി ദുരന്തം: കാണാതായവർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജിതം. #Kalladi


വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജിതമാക്കി. റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അപകടസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് സേനകളുടെ നേതൃത്വത്തിൽ അപകടസ്ഥലം നാല് സോണുകളാക്കി തിരിച്ച് ശാസ്ത്രീയ തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

തുരങ്കപാതാ നിർമ്മാണ സ്ഥലത്തുനിന്നും ഏകദേശം 200 മീറ്റർ ചുറ്റളവിലാണ് ഇന്നലെ രാവിലെ 11.15ഓടെ മണ്ണിടിച്ചിലുണ്ടായത്. ഏഴ് മുതൽ പത്ത് അടി വരെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണ് അടിഞ്ഞുകൂടിയത്. എൻ.ഡി.ആർ.എഫ്, പൊലീസ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം ഊരാളുങ്കൽ സൊസൈറ്റിയിലെ തൊഴിലാളികളും വിവിധ സന്നദ്ധസേനാ വളണ്ടിയർമാരും പ്രദേശവാസികളും ചേർന്നാണ് ആദ്യ ദിനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിച്ചിരുന്ന ഒരു ബസ് മണ്ണിനടിയിൽ കുടുങ്ങിയെങ്കിലും വാഹനത്തിൽ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മീനാക്ഷി പാലത്തിന് സമീപത്തെ ഒരു വീടിനും പള്ളിക്കും കേടുപാടുകൾ സംഭവിച്ചു.

അപകടത്തിൽ മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോർട്ടം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് എംബാം ചെയ്ത ശേഷം സംസ്ഥാന സർക്കാരിന്റെയും കൊങ്കൺ റെയിൽവേയുടെയും ഏകോപനത്തോടെ ബുധനാഴ്ച വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കാണാതായവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ചുമതല ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നൽകിയിട്ടുണ്ട്. രാത്രിയിലും റോഡിലെ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കുകയും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയും ചെയ്തു. ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങളും വാഹനങ്ങളും രാത്രിയോടെ തന്നെ അപകട മേഖലയിലെ നാല് സോണുകളിലേക്കും എത്തിച്ചു.

അപകട മേഖലയിൽ രണ്ട് സ്നിഫർ നായകളെയും രണ്ട് കഡാവർ നായകളെയും എത്തിച്ച് തെരച്ചിൽ നടത്തിവരുന്നു. പ്രദേശങ്ങളിലെ 23 കുടുംബങ്ങളിലെ 76 പേരെ മേപ്പാടി പോളി ടെക്നിക് കോളേജിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ട് പേരിൽ മൂന്ന് പേർ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി. നിലവിൽ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രണ്ടാം ദിനം രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കള്ളാടി അപകട മേഖലയിൽ ആളുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


Hashtags: #കള്ളാടിമണ്ണിടിച്ചിൽ #വ​യനാട് #രക്ഷാപ്രവർത്തനം #KeralaNews #Landslide #Kalladi
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0