ഓണം: ലഹരിവേട്ട ശക്തമാക്കാൻ എക്സൈസ്; കണ്ണൂരിൽ ഓഗസ്റ്റ് ഒന്നു മുതൽ തീവ്രയജ്ഞ പരിശോധന #Excise

Post Image
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത്, വിപണനം, സംഭരണം എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ തീവ്രയജ്ഞ പരിശോധനകൾക്ക് തുടക്കമാകും. ഓഗസ്റ്റ് ഒന്നിന് രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെയാണ് ഈ പ്രത്യേക ദൗത്യം നടപ്പാക്കുക. ഉത്സവകാലത്ത് ലഹരിവസ്തുക്കളുടെ വിപണനം തടഞ്ഞ് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് എക്സൈസിന്റെ പ്രധാന ലക്ഷ്യം.

ലഹരി, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഓഗസ്റ്റ് ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കും. ഒരു എക്സൈസ് പ്രിവൻ്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുക. ഇവിടെ ലഭിക്കുന്ന എല്ലാ പരാതികളിലും അതാത് സമയം തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിലെ ഓരോ താലൂക്ക് പരിധിയിലും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഓഗസ്റ്റ് ഒന്നു മുതൽ സജ്ജമാകും. ഒരു എക്സൈസ് ഇൻസ്പെക്ടർ, ഒരു പ്രിവൻ്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ അടങ്ങുന്നതാണ് ഓരോ യൂണിറ്റും. വാഹനസഹിതമെത്തുന്ന ഈ സംഘങ്ങൾ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും കോളനികളിലും സംയുക്ത പരിശോധനകൾ നടത്തും.

മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട ഏതൊരു വിവരവും പരാതികളും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെട്ട എക്സൈസ് അധികൃതരെ അറിയിക്കാം. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് അറിയിച്ചു. ഡിവിഷണൽ കൺട്രോൾ റൂം (04972 706698), അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കണ്ണൂർ (04972 749500), വിവിധ താലൂക്ക് തല കൺട്രോൾ റൂമുകൾ എന്നിവ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.


Hashtags: #ഓണം #എക്സൈസ് #ലഹരിവിരുദ്ധ #കണ്ണൂർ #ExciseKerala #AntiDrugCampaign #KeralaNews #MalayoramNews #ലഹരിവേട്ട
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0