കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; വൻനാശനഷ്ടം, വിമാന സർവീസുകൾ നിർത്തിവെച്ചു #Kuwait_Airport_Attack

Malayoram News Image
കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ ഇറാൻ ആക്രമണം നടത്തി. മിസൈലും ഡ്രോണുകളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ടെർമിനൽ ഒന്നിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ആക്രമണവിവരം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു. വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാർ ടെർമിനലിലേക്ക് വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആക്രമണം നടന്നത്.

ഹോർമുസ് കടലിടുക്കിലെ ഇറാനിലെ ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നീക്കം. ഇതിന് പിന്നാലെ ഇറാൻ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.


Hashtags: #KuwaitAttack #IranUSConflict #AirportAttack #കുവൈറ്റ്ആക്രമണം #ഇറാൻയുഎസ് #വിമാനത്താവളം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0