ബ്രസീലിന് തകർപ്പൻ ജയം; ഹെയ്തിയെ വീഴ്ത്തി മഞ്ഞപ്പട ഗ്രൂപ്പ് സിയിൽ ഒന്നാമത്! #BrazilWin

Post Image
ഫിലാഡെൽഫിയ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ഒരിക്കൽ കൂടി മഞ്ഞക്കടലിരമ്പം അലയൊലിയായി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അഞ്ചുതവണ ലോകചാംപ്യൻമാരായ ബ്രസീൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ തകർത്തുവിട്ടു. കാനറികൾക്ക് വേണ്ടി മാത്യൂസ് ക്യൂഞ്ഞ രണ്ടു ഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്‍റ് ഉണ്ടെങ്കിലും ഗോൾവ്യത്യാസത്തിലെ മികവ് ബ്രസീലിനെ ഒന്നാമതെത്തിക്കുകയായിരുന്നു. രണ്ട് മത്സരം തോറ്റതോടെ ഹെയ്തി ഏറെക്കുറെ പുറത്തായി. അവസാന മത്സരങ്ങളിൽ ബ്രസീൽ സ്കോട്ട്ലൻഡിനെയും ഹെയ്തി മൊറോക്കോയെയും നേരിടും.

മത്സരത്തിന്‍റെ തുടക്കം മുതൽ മഞ്ഞപ്പട ആധിപത്യം പുലർത്തിയെങ്കിലും, ചില നല്ല നീക്കങ്ങളുമായി ഹെയ്തി തങ്ങളുടെ സാന്നിധ്യമറിയിച്ചു. വമ്പൻമാർക്കെതിരെയാണ് കളിക്കുന്നതെന്ന അങ്കലാപ്പ് ഇല്ലാതെ ഹെയ്തി താരങ്ങൾ കളംപിടിക്കുന്നത് കാണാമായിരുന്നു. നാലാം മിനിട്ടിൽ ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. 14ആം മിനിട്ടിൽ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടിൽ ലൂക്കാസ് പാക്വെറ്റയുടെ പാസിൽനിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.

ഒടുവിൽ 23ആം മിനിട്ടിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നൽകാതെ വലയിലാക്കുകയായിരുന്നു. ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടിൽ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.

തുടർന്ന് ചില പ്രത്യാക്രമണങ്ങൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കി. ഈ വിജയത്തോടെ ബ്രസീൽ ഗ്രൂപ്പിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.


Hashtags: #ബ്രസീൽ #ലോകകപ്പ് #ഫുട്ബോൾ #വിനീഷ്യസ്ജൂനിയർ #മാത്യൂസ്ക്യൂഞ്ഞ #Brazil #WorldCup #Football
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0