വോട്ടിന് പണം; ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ വെട്ടിൽ, വീഡിയോ തെളിവുകളും. #ShobhaSurendran

പാലക്കാട് : തിരുവക്കുറിശ്ശിയില്‍ വോട്ട് വാങ്ങാന്‍ പണം വിതരണം ചെയ്തെന്നാരോപണം; ശോഭാ സുരേന്ദ്രനെതിരെ വിവാദ വീഡിയോ
പാലക്കാട് ജില്ലയിലെ തിരുവക്കുറിശ്ശിയില്‍ വോട്ടിനായി പണം വിതരണം ചെയ്തുവെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി വിവാദം ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട്, പണം നല്‍കിയതായി ആരോപിക്കുന്ന സ്ഥലത്ത് ശോഭാ സുരേന്ദ്രന്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരാള്‍ കയറുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ചിലര്‍ വാഹനത്തോടടുത്ത് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. “ഒന്ന് രണ്ടിടങ്ങളില്‍ പണം നല്‍കുന്നത് കണ്ടുവെന്ന” ചോദ്യം ഉയര്‍ന്നപ്പോള്‍, “അത് ഈ പെണ്‍കുട്ടിയുടെ ബന്ധുവാണ്” എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി എന്നാണ് വീഡിയോയില്‍ കേള്‍ക്കുന്നത്.
ഇതിനിടെ “കൂടുതല്‍ വിലസേണ്ട” എന്ന മുന്നറിയിപ്പും ശോഭ നല്‍കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ പകര്‍ത്തുന്നയാളോട് ചിത്രം എടുക്കരുതെന്ന് ആവശ്യപ്പെട്ടതും, തന്‍റെ അനുവാദമില്ലാതെ ചിത്രീകരിച്ചതിനെതിരെ ചോദ്യം ചെയ്തതും ദൃശ്യങ്ങളില്‍ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് ബിജെപി പ്രവര്‍ത്തകരും ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി അറിയുന്നു.
അതേസമയം, “ഇത് ഞങ്ങളുടെ വാര്‍ഡാണ്” എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോള്‍, “നിങ്ങളുടെ വാര്‍ഡായാല്‍ എന്താണ്” എന്ന രീതിയില്‍ ശോഭാ സുരേന്ദ്രന്‍ മറുപടി നല്‍കുന്നതും, ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ “തങ്ങള്‍ തെളിവ് ശേഖരിക്കുകയാണ്” എന്ന് പറഞ്ഞപ്പോള്‍, അതിനെതിരെ ശോഭ ശക്തമായി പ്രതികരിക്കുന്നതും, വാക്കേറ്റം രൂക്ഷമാകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇതിനിടെ, തിരുവക്കുറിശ്ശി പ്രദേശത്ത് വോട്ടിനായി പണം വിതരണം ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന്, പണം ലഭിച്ചുവെന്നാരോപിക്കപ്പെട്ട ഒരു വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തി.
ആദ്യമായി പണം ലഭിച്ചതായി പറഞ്ഞുവെന്ന വിവരമുണ്ടെങ്കിലും, പിന്നീട് കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് “അത് പെന്‍ഷന്‍ തുകയാണ്” എന്നാണ് വയോധിക വിശദീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവരെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയതായും പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0