കൊച്ചി:ഇറാനിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിലായതോടെ ആഗോള സ്വർണവിപണി കുത്തനെ ഇടിഞ്ഞു. ഇന്ന് കേരളത്തിൽ രണ്ട് തവണയാണ് വില കുറഞ്ഞത്. ഗ്രാമിന് രാവിലെ 140 രൂപയും ഉച്ചക്ക് 225 രൂപയും കുറഞ്ഞു. മൊത്തം 365 രൂപ ഒരു ഗ്രാമിന് കുറഞ്ഞത്. പവന് രാവിലെ 1,120 രൂപയും ഉച്ചക്ക് 1,800 രൂപയും കുറഞ്ഞു. 2,920 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 13655 പവന് 1,09,240 രൂപയുമാണ് നിലവിലെ വില.
ഇന്നലെ ഇറാനുനേരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതായി പ്രതീതി സൃഷ്ടിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇന്ന് കളംമാറ്റിച്ചവിട്ടിയതോടെയാണ് ആഗോളതലത്തിൽ സ്വർണവിപണി ഇടിഞ്ഞത്. സ്പോട്ട് ഗോൾഡിന് 166.04 ഡോളർ ഇടിഞ്ഞ് 4,619.35 ഡോളറാണ് ട്രോയ് ഔൺസ് വില. 3.47 ശതമാനമാണ് ഇടിവ്.
യുദ്ധം തുടരുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും അവകാശപ്പെട്ട അദ്ദേഹം യുദ്ധം എന്ന് നിർത്തുമെന്ന് വ്യക്തമാക്കിയില്ല.
‘ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർത്തു. ഇറാൻ്റെ വ്യോമസേനയും നാവികസേനയും ഒന്നടങ്കം ഇല്ലാതായി. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാന്‍ ഇനി ഏത് നീക്കം നടത്തിയാലും അമേരിക്ക അറിയും. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാൻ്റെ ഭീഷണി ഒഴിഞ്ഞു’ -ട്രംപ് പറഞ്ഞു.
ഇന്നലെ, സംഘർഷം അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഉടൻ ഇറാനിൽ നിന്നും പിൻമാറുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 96.69 ഡോളർ കൂടി 4,745.3 ആയിരുന്നു. 2.08 ശതമാനമാണ് വർധിച്ചത്. ആനുപാതികമായി കേരളത്തിൽ രണ്ട് തവണയായി 2,520 രൂപ ഇന്നലെ പവൻ കൂടിയത്.
1,12,160 രൂപയായിരുന്നു പവൻ വില. രാവിലെ ഗ്രാമിന് 180 രൂപ കൂടി 13,885 രൂപയായിരുന്നു ഗ്രാം വില. പവന് 1440 രൂപ വർദ്ധിപ്പിച്ച് 1,11,080 രൂപയും ആയി. വീണ്ടും കൂടി ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും. ഇതോടെ യഥാക്രമം 14,020 രൂപയും 1,12,160 രൂപയുമായിരുന്നു ഇന്നത്തെ വില.
ചൊവ്വാഴ്ച മൂന്ന് തവണയാണ് വില മാറിമറിഞ്ഞത്. രാവിലെ 1,09,480 രൂപയും ഉച്ചക്ക് 1,09,040 ഉം പിന്നീട് 1,09,640 ആയിരുന്നു പവൻ വില. 2026 ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരുഗ്രാം സ്വർണത്തിൻ്റെ വില 16395 രൂപയായിരുന്നു. 1,31,160 രൂപയാണ് പവൻ വില കുതിച്ചത്. പിന്നീട് എറിയും കുറഞ്ഞും തുടർന്നുള്ള സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.
ഏപ്രിലിലെ സ്വർണവില
1. 1,11,080 (രാവിലെ)
1,12,160 (ഉച്ച)
2. 1,11,040 (രാവിലെ)
1,09,240 (ഉച്ച)

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.