ചപ്പാരപ്പടവ് : അകാലത്തിൽ അന്തരിച്ച സ്പാർക്ക് ക്ലബ്ബിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും സജീവ പ്രവർത്തകനുമായ ഹാരിസിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മംഗരയിൽ സ്പാർക്ക് ക്ലബ്ബിന് സമീപം നടന്ന യോഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്പാർക്ക് ക്ലബ് പ്രസിഡന്റ് പി.എം. മഹേഷ് അധ്യക്ഷത വഹിച്ചു. പ്രശോഭ് ടി.പി. സ്വാഗതം പറഞ്ഞു.
ജനകീയ ഇടപെടലുകൾ കൊണ്ടും മനുഷ്യസ്നേഹ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയനായിരുന്ന ഹാരിസ്, രക്തദാന പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന പ്രവർത്തകനായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് അടക്കം നിരവധി പ്രതിസന്ധികളിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണ വിതരണം, മരുന്ന് സഹായം, അത്യാവശ്യ സേവനങ്ങൾ എന്നിവ ഏകോപിപ്പിച്ച് പ്രവർത്തിച്ച അദ്ദേഹം, നാട്ടുകാരുടെ ഇടയിൽ വിശ്വാസവും ആദരവുമാർജിച്ചിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കൈത്താങ്ങായി നിന്ന അദ്ദേഹത്തിന്റെ സേവനങ്ങൾ പങ്കെടുത്തവർ അനുസ്മരിച്ചു.
ടി. പ്രഭാകരൻ, ടോമി മൈക്കിൾ, DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അരുൺ ജോയ്, CPI(M) ബ്രാഞ്ച് സെക്രട്ടറി കെ. ബിജേഷ്, പി.സി. മൊയ്‌തു, അനൂപ് കുമാർ ടി എന്നിവർ സംസാരിച്ചു. അരുൺ നന്ദി രേഖപ്പെടുത്തി. ഹാരിസിന്റെ വിയോഗം സാമൂഹിക-സന്നദ്ധ മേഖലകൾക്ക് വലിയ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.