കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി എട്ടരയോടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലുണ്ടായ അപകടത്തിൽ നൂറുമീറ്ററോളം ഭാഗത്തെ കനാൽ ബണ്ട് തകരുകയായിരുന്നു.
കനാലിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് സമീപത്തെ വയലുകളിലേക്ക് ഒഴുകിയതോടെ എക്കറുകണക്കിന് കൃഷി നശിച്ചു. കൃഷിസ്ഥലം പൂർണ്ണമായും വെള്ളത്തിനടിയിലായി.
കനാൽ തകർന്ന വിവരമറിഞ്ഞ് എത്തിയവരുടെ വാഹനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിൽപ്പെട്ടു. രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് കുത്തൊഴുക്കിൽ ഒഴുകിപ്പോയത്. അപകടസ്ഥലത്തിന് അടുത്ത് വീടുകൾ കുറവായതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ഓയൂർ, കൊട്ടിയം, ചെന്നപ്പാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കനാലാണ് തകർന്നത്. പൂയപ്പള്ളി പോലീസ് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനാൽ ഭാഗങ്ങൾ ഇടിഞ്ഞുകൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും കൊട്ടാരക്കര സദാനന്ദപുരത്തെ കനാൽ ഷട്ടറുകൾ അടച്ചതോടെ വെള്ളത്തിൻ്റെ ഒഴുക്ക് നിയന്ത്രണവിധേയമായി.
ബണ്ടിൻ്റെ ബലക്ഷയമാണോ അപകടത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
A canal collapsed at night, and a bike and an autorickshaw were swept away.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.