മുഖ്യമന്ത്രി ജില്ലാ ആശുപത്രിയിലെത്തി; ഐസിയുവില്‍ ഉള്ള ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചു #Veena_George
കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു -യൂത്ത് പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾ രാഷ്ട്രീയവിവാദമായി. ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ടി.വി.രാജേഷ്, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.കെ.ശ്യാമള ടീച്ചർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കെഎസ്‌യു -യൂത്ത് കോൺഗ്രസ് ആക്രമണം കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്.
അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ രേഖകളും അംഗീകരിച്ചിട്ടുണ്ട് എന്നിട്ടും സംഭവങ്ങൾ പൊലിപ്പിച്ച് അതിൽ ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസമായി കാണാൻ കഴിയുക.
തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ നേതൃത്വം കരുതരുത്. ഇതിൻ്റെ ഉത്തരവാദിത്വവും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു അക്രമികളിലൂടെ പുറത്തുവന്നത്.
ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ ഒരു മന്ത്രിയെ പ്രത്യേകിച്ച് സ്ത്രീയെ കായികമായി ആക്രമിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിൽ ഉണ്ടെങ്കിലും സമരങ്ങൾ അതിരുവിടുന്നത് പാർട്ടി നേതൃത്വം നിയന്ത്രിക്കണം. പോലീസുദ്യോഗസ്ഥർ തടയാൻ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. നാടിൻ്റെ ക്രമസമാധാനം തകർത്ത് മന:പൂർവ്വമായ ഉദ്ദേശത്തിലാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്. ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.