തളിപ്പറമ്പ് :വെറുപ്പിൻ്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതാണ് കേരള സ്റ്റോറിയുടെ ആദ്യഭാഗമെങ്കിൽ അതിൻ്റെ റീലോഡിങ്ങാണ് രണ്ടാം ഭാഗത്തിലൂടെ ശ്രമിക്കുന്നതും വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെ അപകടകരമായി ലയിപ്പിച്ചിരിക്കുന്ന സിനിമയെ നവോത്ഥാന മുളകൾ മുറുകെപ്പിടിച്ച് നാം പ്രതിരോധിക്കേണ്ടതുണ്ടെന്നും തളിപ്പറമ്പ് ഹാപ്പിനെസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ അഭിപ്രായമുയർന്നു.
ഭരണകൂടത്തിന് ഇഷ്ടമുള്ള സിനിമ നിർമ്മിച്ചാൽ മതി, അവ കണ്ടാൽ മതി എന്ന തരത്തിലേക്ക് സിനിമയെ മാറ്റുകയാണെന്ന് സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു. കേരളത്തിൽ വേവില്ലെന്ന് ഉറപ്പാണെങ്കിലും ഇത്രയും സംസ്ഥാനങ്ങളിൽ കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്ന് നടൻ ഇർഷാദ് പറഞ്ഞു.
മുസ്ലിങ്ങൾക്ക് പലപ്പോഴും മുൻകൂട്ടി കൽപ്പിച്ച് നൽകുന്ന അപരത്വം അപകടകരമാണെന്ന് എഴുത്തുകാരി രേഖ രാജ് അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി രണ്ട് മാത്രമല്ല മൂന്നും നാലും അഞ്ചും ഒക്കെ സംഭവിക്കുമെന്നും ഇത്തരത്തിൽ വളരെ വ്യാജമായ ലോകത്ത് ജീവിക്കേണ്ടി വരുന്നവരായി മാറുമെന്നും എഴുത്തുകാരൻ ടി കെ ഉമ്മർ അഭിപ്രായപ്പെട്ടു. വെട്ടത്തുനാട് എന്ന സാങ്കൽപ്പിക ലോകം വച്ച് മലബാർ കലാപത്തിന് മുമ്പു തന്നെ അത്തരത്തിൽ വിഡി സവർക്കർ ഒരു നോവലെഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെ അപകടകരമായി സന്നിശിപ്പിക്കുമ്പോൾ സിനിമയുൾപ്പടെയുള്ള കലയിലൂടെ തന്നെ ജനാധിപത്യമായി പ്രതിരോധിക്കേണ്ടതിൻ്റെ ആവശ്യകത പ്രേക്ഷകരും പങ്കിട്ടു.
ഹാപ്പിനെസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി മലയാളത്തിലെ നവസ്വതന്ത്ര സിനിമയുടെ വർത്തമാനം എന്ന വിഷയത്തിൽ ക്ലാസ്സിക് തിയേറ്ററിലെ വേദിയിൽ ഓപ്പൺ ഫോറം നടക്കും. ചലച്ചിത്രനടൻ പ്രകാശ് ബാരെ, സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള, എഴുത്തുകാരി സുനൈന ഷാഹിദ ഇക്ബാൽ, ചലച്ചിത്ര നിരൂപകൻ പി.കെ. സുരേന്ദ്രൻ, സംവിധായകൻ ഷെരീഫ് ഈസ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനൻ മോഡറേറ്ററാകും.
If the first part of the Kerala Story is about spreading the politics of hate, the second part is its reloading: Happiness Festival Open Forum.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.