കൊല്ലം:കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ സ്കൂൾ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ വിവാദം പുകയുന്നു. സ്കൂൾ മാനേജരുടെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് അധ്യാപിക വ്യക്തമാക്കി. സ്കൂൾ മാനേജർ തൻ്റെ അധികാരം ദുരുപയോഗം ചെയ്യുകയാണ്.ഒരു പ്രധാന അദ്ധ്യാപികയെ സുരക്ഷാ ജീവനക്കാരനെക്കൊണ്ട് ഗേറ്റിന് പുറത്ത് തടയുന്നത് അങ്ങേയറ്റം അപമര്യാദയാണെന്നും സിന്ധു എസ്. നായർ ആരോപിച്ചു.
കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്കൂളിലെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയാല്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു മാനേജരുടെ നിർദ്ദേശമെന്നായിരുന്നു ജീവനക്കാരൻ്റെ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സംഭവത്തിൽ അധ്യാപിക പൊലീസിൽ പരാതി നൽകി.
സർക്കാർ ഉത്തരവ് പ്രകാരം അധ്യാപകർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്ന് പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ നിന്നും പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Banned for wearing churidar: Headmistress takes legal action against manager for stopping her at school gate

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.