തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ ഭൗതിക സാഹചര്യങ്ങൾ ഒരുങ്ങുന്നു. പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ ഏസിയും ലിഫ്റ്റും നിര്‍മിക്കാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങൾ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുമ്പോൾ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളിൽ ഏസിയും ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും.
മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയും കുട്ടികൾക്കായി റാമ്പുകളും നിർബന്ധമാക്കും. ക്ലാസ് മുറികളിലെ പിൻബെഞ്ചുകൾ ഒഴിവാക്കി എല്ലാവർക്കും തുല്യ പരിഗണന ലഭിക്കുന്ന രീതിയിലുള്ള ഇരിപ്പിട ക്രമീകരണവും നടപ്പിലാക്കും.
ആഘോഷങ്ങളിൽ യൂണിഫോം വേണ്ട കുട്ടികൾക്ക് കൂടുതൽ സന്തോഷകരമായ അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായി സ്വന്തം ജന്മദിനങ്ങളിലും വിശേഷ ദിവസങ്ങളിലും സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ല.
ഇത്തരം ദിവസങ്ങളിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കുട്ടികളെ അനുവദിക്കും. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്കൂൾ വിനോദയാത്രകളിൽ നിന്ന് ഒരു കുട്ടിയും മാറിനിൽക്കേണ്ടി വരില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം. വേനലവധി ക്ലാസുകൾ ഒഴിവാക്കി കുട്ടികൾക്ക് അവധിക്കാലം പൂർണ്ണമായി ആസ്വദിക്കാനുള്ള അവസരം ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
New school buildings to have AC and elevators

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.