കോഴിക്കോട്:കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുളള ഗോഡൗൺ കെട്ടിടത്തിലെ സ്ലാബുകൾ തകർത്ത് വീണ് 4 കയറ്റിറക്ക് തൊഴിലാളികൾ മരിച്ചു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്നു ജബ്ബാർ, ബഷീർ, അഷ്‌റഫ്, വിനോദ് തുടങ്ങിയ തൊഴിലാളികളാണ് കോൺക്രീറ്റ് പാളികൾ ശരീരത്തിൽ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ലാബുകൾ തൊഴിലാളികൾക്ക് മേൽ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര് രക്ഷപ്പെട്ടു.
ബാക്കി അഞ്ച് ആളുകൾക്ക് മേലാണ് കൂറ്റൻ ബിമും സ്ലാബുകളും പതിച്ചത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയിൽപെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.
ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബഷീറിൻ്റെയും അഷ്‌റഫിന്‌റെയും ജീവന് നഷ്ടമായിരുന്നു. ആശുപത്രിയിൽ എത്തി അര മണിക്കൂറിനകം ജബ്ബാറും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെ വൈകീട്ടോടെയാണ് കൊയിലാണ്ടി സ്വദേശി വിനോദൻ മരിച്ചത്. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുളള ഈ കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കോർപ്പറേഷൻ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികൾ എന്ന് എന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു.എന്നാല്‍ കെട്ടിടം ഒഴിയണമെന്ന നിര്‍ദ്ദശമൊന്നും കോര്‍പറേഷനില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നും ഈ മാസം ഉള്‍പ്പെടെ വാടക നല്‍കിയിരുന്നു എന്നും ഗോഡൗണ്‍ നടത്തിപ്പുകാര്‍ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് കോർപ്പറേഷൻ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത പക്ഷം നാളെ മുതൽ കോർപ്പറേഷൻ മുന്നിൽ അനിശ്ചിത കാല സമരം നടത്തുമെന്ന് ബിജെപി പ്രഖ്യാപനം നടത്തി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.