കണ്ണൂരിൽ പൂട്ട് തകർത്ത് അകത്തുകയറി 36 പ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി #Kannur

 


കണ്ണൂർ :കണ്ണൂർ അഴീക്കോട് മീൻകുന്നിൽ വളർത്തുപ്രാവുകളെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. മീൻകുന്ന് സ്വദേശി സുനിലിൻ്റെ വീട്ടിലെ 36 ഓളം പ്രാവുകളെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം നടന്നത്. പൂട്ട് തകർത്ത നിലയിലായിരുന്നു.

സുനിലിൻ്റെ മകൻ സി അനുരാഗ്, സുഹൃത്തുകളായ ഉജ്ജ്വല്, അനുവിന്ദ് എന്നിവർ ചേർന്നാണ് പ്രാവുകളെ വളർത്തുന്നത്. ഫാൻസി പ്രാവുകൾ, മത്സര പ്രാവുകൾ എന്നിവയുടെ കുഞ്ഞുങ്ങളടക്കം 51 പ്രാവുകളുണ്ട്. അതിൽ 36 എണ്ണത്തെയാണ് കൊന്ന നിലയിൽ കണ്ടെത്തിയത്.

എട്ട് ജോഡി പ്രാവുകളെയും 20 കുഞ്ഞുങ്ങളെയും കഴുത്തറത്ത് കൊന്നശേഷം തൊട്ടടുത്ത വയലിൽ ഉപേക്ഷിക്കുകയായിരുന്നു. സുനിലിൻ്റെ ഭാര്യ രാവിലെ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് പ്രാവുകളെ കൂടിന് സമീപത്തും അടുത്തുള്ള വയലിലുമായി കണ്ടെത്തിയത്. ഉടൻ മകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

എട്ട് വർഷം മുമ്പാണ് അനുരാഗും സുഹൃത്തുക്കളും പ്രാവുകളെ വളർത്താൻ തുടങ്ങിയത്. ആവശ്യക്കാർക്ക് വിൽക്കുന്നതിന് പുറമെ നാട്ടിലെ പ്രാവുകളുടെ മത്സരത്തിൽ പങ്കെടുപ്പിക്കാറും ഉണ്ടായിരുന്നു.

 ഞായറാഴ്ച നാട്ടിലെ ഒരാളുമായി പ്രാവ് വില്‍പ്പനയെ സംബന്ധിച്ച് വാക്കുതർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. അതിന്റെ തുടര്‍ച്ചയായാണ് പ്രാവുകളെ കൊന്നതെന്നാണ് നിലവിലെ സംശയം. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

 Domestic pigeons killed by slitting their throats in Azheekkode, Kannur

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0