കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 16 കെട്ടിടങ്ങൾ അയോഗ്യമാണെന്ന് റിപ്പോർട്ട്; അപകടത്തിൽ കോർപ്പറേഷൻ അന്വേഷണം ഇന്ന് ആരംഭിക്കും #Kozhikode


കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

2024 വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകൾ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാല്‍ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അണ്‍ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ റിപ്പോർട്ട്.

എന്നാൽ റിപ്പോർട്ടിന് കോർപ്പറേഷൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും അംഗീകാരം നൽകിയില്ല. കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിച്ചു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പ്രായോഗിക തടസ്സമുണ്ടാകുമെന്ന വാദവുമാണ് കോർപ്പറേഷൻ നടത്തിയത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ കടകൾക്ക് ലൈസന്‍സ് പുതുക്കി നൽകിയിട്ടില്ലെന്ന് കോർപ്പറേഷൻ പറയുന്നു. അതേസമയം, അൺഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തും.

അതേസമയം കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു നാലുപേർ മരിച്ച സംഭവത്തിൽ കോർപ്പറേഷൻ്റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിൻ്റെ പരിശോധനയാണ് ആദ്യം ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിൻ്റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസിൻ്റെ അന്വേഷണവും തുടരുകയാണ്.

 അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളായ ബഷീറിൻ്റെയും അഷ്റഫിൻ്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് മേയർ ഒ.സദാശിവം രാവിലെ 9.30ന് മാധ്യമങ്ങളെ കാണും.

ഇന്നലെ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൻ്റെ സൺ ഷെയ്ഡ് ആണ് തകർന്നു വീണത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

16 buildings unfit report in kozhikode corporation The corporation's internal investigation will begin today 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0