കോഴിക്കോട്:ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫ പിടിയിൽ.
വടകരയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഷിംജിത അറസ്റ്റിലായത്. വിദേശത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 19 ന് തന്നെ പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേത്തുടർന്ന് സ്ത്രീ ഒളിവിൽ പോയി. അതിനിടയിൽ, അവർ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. അഡ്വ. നെൽസൺ ജോസ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് ഷിംജിതയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്.
മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ തെറ്റാണെന്നും മകൻ മാനസികമായി അസ്വസ്ഥനാണെന്ന് സൂചിപ്പിച്ചതായും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂരിലേക്ക് പോകുന്നതിനിടെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് യുവതി വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ ആരോപിച്ചിരുന്നു.
വീഡിയോ വൈറലാകുകയും ദീപക്കിനെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്ന് ദീപക് മാനസികമായി തകർന്ന നിലയിലായിരുന്നു. ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.