തിരുവനന്തപുരം: ഡിസംബർ 31-നകം ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഇതുസംബന്ധിച്ച നിയമങ്ങൾ പുറപ്പെടുവിച്ചു. ആധാറുമായി പാൻ ബന്ധിപ്പിക്കാത്ത വ്യക്തികൾ 1,000 രൂപ വരെ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് ബാങ്കിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളെ സാരമായി ബാധിക്കും.
ഇതുവരെ ലിങ്ക് ചെയ്യാത്തവർ വൈകിയ ഫീസായി 1,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും. പിഴ അടച്ചതിനുശേഷം മാത്രമേ ലിങ്കിംഗ് പൂർത്തിയാക്കാൻ കഴിയൂ. എന്നിരുന്നാലും, 2024 ഒക്ടോബർ 1-ന് ശേഷം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് ഡിസംബർ 31 വരെ സൗജന്യമായി ലിങ്ക് ചെയ്യാൻ കഴിയും.
പുതുവർഷത്തിന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്യണം, അല്ലാത്തപക്ഷം പാൻ കാർഡ് പ്രവർത്തനരഹിതമാകും.
ഓൺലൈനായി ലിങ്ക് ചെയ്യേണ്ടതിങ്ങനെ...
ആദായനികുതി വകുപ്പിൻ്റെ ഇ ഫയലിങ് പോർട്ടലായ incometax.gov.in ൽ കയറി ലിങ്ക് ആധാർ ഓപ്ഷൻ തെരഞ്ഞെടുക്കുക
ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകി വാലിഡേറ്റ് ചെയ്യുക
നേരത്തെ പിഴ അടച്ചിട്ടില്ലെങ്കിൽ 'Continue to Pay Through e-Pay Tax' ഓപ്ഷൻ നൽകി 1000 രൂപ പിഴയടക്കുക. ശേഷം ആധാറിലെ പേരും മൊബൈൽ നമ്പറും നൽകുക
പിന്നീട് വീണ്ടും ലിങ്ക് ആധാർ ഓപ്ഷന് കീഴിൽ വിശദാംശങ്ങൾ നൽകുക
പിന്നീട് മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാവുന്നതോടെ അപേക്ഷ സമർപ്പിക്കപ്പെടും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.