പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിന് നടപടി. ഒൻപത് വയസ്സുള്ള പെൺകുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കേസിൽ രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. ഡോ. മുസ്തഫയെയും ഡോ. സർഫറാസിനെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഡിഎംഒ സമർപ്പിച്ച റിപ്പോർട്ട് തള്ളിയയാണ്സർക്കാർ നടപടി സ്വീകരിച്ചത്.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകി. വൈദ്യസഹായം ഉറപ്പാക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും എംഎൽഎ കെ. ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് സംബന്ധിച്ച ആരോപണത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചുനിന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ഓർത്തോപീഡിക് വിഭാഗം മേധാവി സംയുക്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 24 നാണ് സംഭവം നടന്നത്. പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റി. കളിക്കുന്നതിനിടെ വീണു പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.