മധ്യപ്രദേശ്: മധ്യപ്രദേശിൽ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മറ്റൊരു കുട്ടികൂടി മരിച്ചു. ചിന്ദ്‌വാരയിൽ ചികിത്സയിലിരിക്കെ രണ്ട് വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇതോടെ, ചുമയ്ക്കുള്ള മരുന്ന് കഴിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി. ഇതോടെ രാജ്യത്ത് 19 കുട്ടികൾ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മരണപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശിൽ രണ്ട് ചുമ മരുന്നുകൾ കൂടി നിരോധിച്ചു. റെലൈഫ്, റെസ്പിഫ്രഷ് ടിആർ എന്നിവയുടെ കുറിപ്പടിയും വിതരണവും നിരോധിച്ചു. ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) കണ്ടെത്തിയതിനെ തുടർന്നാണ് മരുന്നുകൾ നിരോധിച്ചത്.
റെലൈഫിൽ 0.616 ശതമാനവും റെസ്പിഫ്രഷ് ടിആറിൽ 1.342 ശതമാനവും ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലാണ് കഫ് സിറപ്പുകൾ നിർമ്മിക്കുന്നത്. അതേസമയം, ഹിമാചൽ പ്രദേശിലും പഞ്ചാബിലും കോൾഡ്രിഫ് കഫ് മരുന്ന് നിരോധിച്ചിട്ടുണ്ട്.
കുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും വിഷബാധയേറ്റ് കുട്ടികൾ മരിച്ചതിനെത്തുടർന്ന്, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശരിയായ അന്വേഷണം നടത്താനും ആവശ്യപ്പെട്ട് അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്.