ന്യൂഡൽഹി: സാഗർ ധൻഖർ കൊലപാതക കേസിൽ ഒളിമ്പ്യൻ ഗുസ്തി താരം സുശീൽ കുമാറിന് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു.
സുശീൽ കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് ഈ വർഷം മാർച്ചിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തു. കൊലപാതകത്തിന് ഇരയായ സാഗറിന്റെ പിതാവ് അശോക് ധൻകാദ് സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ 27 കാരനായ മുൻ ജൂനിയർ നാഷണൽ ഗുസ്തി ചാമ്പ്യൻ സാഗർ ധൻഖറിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2021 മെയ് മാസത്തിലാണ് കുമാറിനെ അറസ്റ്റ് ചെയ്തത്.
വിചാരണ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ 186 പ്രോസിക്യൂഷൻ സാക്ഷികളിൽ 30 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂവെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യ ഹർജിയിൽ ഇത് കൂടി പരിഗണിക്കപ്പെട്ടു.
സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ജാമ്യത്തെ ചോദ്യം ചെയ്ത് ഇരയുടെ പിതാവ് അശോക് ധങ്കാദ് സുപ്രീം കോടതിയെ സമീപിച്ചു. കുമാർ നേരത്തെ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ ഒരു പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. 18 ദിവസം ഒളിവിൽ കഴിഞ്ഞ സുശീൽ കുമാറിനെ നഗരത്തിലെ മുണ്ട്ക പ്രദേശത്ത് വെച്ചാണ് ഡൽഹി പോലീസ് പിടികൂടിയത്. 2021 മെയ് 23 ന് അറസ്റ്റിലായതിനെത്തുടർന്ന്, കുമാറിനെ റെയിൽവേ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ വർഷം ആദ്യം ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. മൂന്നര വർഷത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞു.
27 കാരനായ ഗുസ്തിക്കാരൻ സാഗർ ധൻഖറിനെ കൊലപ്പെടുത്തിയ കേസിൽ ഗുസ്തിക്കാരൻ സുശീൽ കുമാറിനും മറ്റ് 17 പേർക്കുമെതിരെ 2022 ഒക്ടോബർ 12-നാണ് കേസ് എടുത്തത്.