തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി #latest_news
തിരുവനന്തപുരം: നേമം കല്ലിയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരുട്ടുവിക്കാട്ടുവിളയ്ക്ക് സമീപം ബിൻസി ആണ് മരിച്ചത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്ന വിവരം.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ബിൻസിയെ കണ്ടെത്തി. പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗമായ ബിൻസി വ്യാഴാഴ്ച ജോലിക്ക് വരാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് സംഭവം കണ്ടത് പിന്നീട് ശാന്തിവിളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
നിർമ്മാണ തൊഴിലാളിയായ സുനിൽ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ബുധനാഴ്ച രാത്രി സുനിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതായി വിവരം. രാത്രിയിൽ ബിൻസി ഫോണിൽ ആരോടോ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് കസ്റ്റഡിയിലുള്ള സുനിൽ നേമം പോലീസിന് മൊഴി നൽകി.
ശാന്തിവിള ആശുപത്രിയിലുള്ള ബിൻസിയുടെ മൃതദേഹം പരിശോധനകൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കസ്റ്റഡിയിലുള്ള സുനിലിനെ നേമം പോലീസ് ചോദ്യം ചെയ്തുവരികയാണ്.