കാൻസർ രോഗബാധിതനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റിയ നടപടി റെയിൽവെ റദ്ദാക്കണം: മനുഷ്യാവകാശ കമ്മീഷൻ #latest_news


കണ്ണൂർ: കാൻസർ രോഗബാധിതനായതിനെ തുടർന്ന് നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ടിക്കറ്റ് എക്സാമിനറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് റെയിൽവെ  സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

ഉദ്യോഗസ്ഥന്റെ ഭാര്യ നൽകിയ പരാതിയിലാണ് ഉത്തരവ്.  ദക്ഷിണ റെയിൽവെ സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഉദ്യോഗസ്ഥനെ തുടരാൻ അനുവദിക്കാൻ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഒഴിവില്ലെന്ന് പറയുന്നു. ഉദ്യോഗസ്ഥന്റെ ആവശ്യം പരിഗണിക്കുന്നതിനായി ഒരു മാസത്തെ സമയം റെയിൽവെ ചോദിച്ചു.

ഉദ്യോഗസ്ഥന്റെ ആരോഗ്യസ്ഥിതി വഷളായ സാഹചര്യത്തിൽ സ്ഥലംമാറ്റം റദ്ദാക്കണമെന്ന ആവശ്യത്തിൽ റെയിൽവെ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  ഒരു മാസത്തിനകം സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ നടപടി  റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0