അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചരയോടെ നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം നാല് മണി മുതല്‍ അഞ്ചര വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും ഖബറടക്കം. രാവിലെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ കുഴഞ്ഞുവീണ നിലിയിലാണ് നവാസിനെ കണ്ടെത്തിയത്. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസ്. ഷൂട്ടിങ്ങിന്‍റെ അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച മുറിയിലെത്തി മടങ്ങാനിരിക്കുകയായിരുന്നു.
ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സിനിമ-നാടക നടനായിരുന്ന അബൂബക്കറിന്‍റെ മകനായി ജനിച്ച അദ്ദേഹം 1992 മുതൽ സിനിമയിൽ സജീവമായി. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് നിരവധി സ്റ്റേജ്ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.