കൊടുവള്ളി മേൽപ്പാലം ആഗസ്റ്റ് 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും #latest_news


തലശ്ശേരി: തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട്  റെയിൽവേ മേൽപ്പാലം പണി പൂർത്തിയായി.
കൊടുവള്ളി റെയിൽവേ മേൽപ്പാലം ആഗസ്റ്റ് 12 രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ അധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. 

കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് കൊടുവള്ളിയിലേത്. മേൽപ്പാലത്തിന്റെ നിർമ്മാണം ആർ ബി ഡി സി കെ മുഖേനയാണ് സർക്കാർ നടപ്പിലാക്കുന്നത്. 
314 മീറ്റർ നീളത്തിൽ രണ്ട് വരി പാതയും നടപ്പാതയും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. 

7.5 മീറ്റർ ആണ് കാര്യേജ് വേ. മേൽപ്പാലത്തിന് പുറമെ ഇതിന്റെ സമീപത്തുള്ള ഭൂവുടമകൾക്ക് പ്രവേശനം നൽകുന്നതിനായി ദേശീയപാതയുടെ വശത്ത് നാല് മീറ്റർ വീതിയിൽ ഡ്രെയിനേജോടുകൂടിയ 210 മീറ്റർ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. 27 ഭൂവുടമകളിൽ നിന്നായി 123.6 സെന്റ് സ്ഥലമാണ് മേൽപ്പാലം നിർമ്മാണത്തിനായി ഏറ്റെടുത്തത്. പദ്ധതിയുടെ മൊത്തം ചെലവ് 36.37 കോടി രൂപയാണ്. ഇതിൽ ഭൂമി ഏറ്റെടുക്കുന്നതിന് 16.25 കോടിയും നിർമ്മാണത്തിന് 10.06 കോടിയും ഉൾപ്പടെ സംസ്ഥാനം 26.31 കോടിയും റെയിൽവേ 10.06 കോടി രൂപയുമാണ് ചെലവഴിച്ചത്. 

സ്ട്രക്ചർ ഡിസൈൻ ഐ.ഐ.ടി പരിശോധനകൾ നടത്തിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. തലശ്ശേരിയുടെ വാണിജ്യ വ്യവസായ സാമ്പത്തിക മുന്നേറ്റത്തിന് വലിയൊരു മുതൽക്കൂട്ടായി മാറും കൊടുവള്ളി മേൽപ്പാലം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0