തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുദ്രവില, രജിസ്ട്രേഷന്‍ എന്നിവയ്ക്ക് ഫീസ് ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വീട് നിര്‍മ്മിക്കുന്നതിനായി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയമുഖേനയോ മറ്റ് ഏതുവിധേനയോ ലഭ്യമാകുന്ന ഭൂമിയുടെ രജിസ്ട്രേഷനാവശ്യമായ മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നിവയിലാണ് ഇളവ് അനുവദിക്കുക.
ഭൂമി സ്വീകരിക്കുന്നയാൾ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ കളക്ടർ അധികാരപ്പെടുത്തുന്ന തഹസിൽദാറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ നൽകുന്ന സാക്ഷ്യപത്രം കൂടി രജിസ്ട്രേഷൻ രേഖകളോടൊപ്പം ഹാജരാക്കണം. ഉത്തരവ് തീയതി മുതൽ രണ്ട് വർഷ കാലയളവിലേക്കാണ് ഈ ഇളവ് അനുവദിക്കുക.
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം മുത്തുറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ പത്തനംതിട്ട ചിറ്റാര്‍ വില്ലേജില്‍ 12.31 ആര്‍ സ്ഥലത്ത് 9 പേര്‍ക്ക് നിര്‍മ്മിച്ച വീടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും.