ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു #latest_news

 

 ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിനെതിരെ നടപടി. ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയാണ് സസ്‌പെൻഡ് ചെയ്തത്.

മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖില്‍, സഞ്ജയ് എന്നിവരെ ഡിഐജി വി ജയകുമാർ സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ജയിൽ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ജയിൽ മേധാവിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ജയിലിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ട സഹതടവുകാരുടെയും സസ്‌പെൻഡ് ചെയ്ത ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

അതേസമയം, ഗോവിന്ദച്ചാമിക്കെതിരെ പോലീസ് ഒരു അധിക വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചു എന്നതാണ് കുറ്റം. ഗുരുതരമായ വകുപ്പ് PDPP 3(1) R/W 21 ആണ്. സെൻട്രൽ ജയിലിലെ ഉയർന്ന സുരക്ഷാ സംവിധാനം മനഃപൂർവ്വം തകർത്തു എന്നതാണ് കുറ്റം. നേരത്തെ BNS 225(B) എന്ന വകുപ്പ് മാത്രമേ ചുമത്തിയിരുന്നുള്ളൂ. ജയിൽ ചാട്ടം ആറ് മാസം മാത്രം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0