എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ഇന്ന് തുടക്കം #latest_news
കണ്ണൂർ: എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ഇന്ന് മാട്ടൂലിൽ തുടക്കമാവും. ഇന്ന് മുതൽ ഓഗസ്റ്റ് 3 വരെ 13 വേദികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കും.
വിവിധ സെഷനുകളിൽ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നൂറിലേറെ അതിഥികൾ സാഹിത്യോത്സവിൽ പങ്കുചേരും. ഫാമിലികളിൽ നിന്ന് ആരംഭിച്ച സാഹിത്യോത്സവുകൾ എഴുന്നോറോളം യൂണിറ്റുകളും 72 സെക്ടറുകളും പതിമൂന്ന് ഡിവിഷനുകളും പൂർത്തീകരിച്ചതിനുശേഷമാണ് ജില്ലാ സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്.
ഇന്ന് വൈകിട്ട് 3 ന് സാംസ്കാരിക സഞ്ചാരം നടക്കും.
വ്യത്യസ്ത കേന്ദ്രങ്ങളിൽ മഖാം സിയാറത്തുകൾ നടക്കും.
സമസ്ത എ.പി വിഭാഗം കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദു റഹ്മാൻ ബാഖവിയുടെ നേതൃത്വത്തിൽ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ തങ്ങൾ മഖാം സിയാറത്തോടുകൂടി പരിപാടികൾക്ക് ഔദ്യോഗിക തുടക്കമാവും.
സയ്യിദ് ശാഫി ബാഅലവി , സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ, സയ്യിദ് ത്വയ്യിബ് അൽ ബുഖാരി, സയ്യിദ് താജുദ്ദീൻ പുല്ലാര , അബ്ദുൽ ഹകീം സഅദി മുട്ടം തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകും.
വൈകിട്ട് 5.30ന് സാഹിത്യോത്സവ് ഇവൻ്റ് ക്രൂ ചെയർമാൻ മുഹ് യുദ്ധീൻ സഖാഫി മാട്ടൂൽ നഗരിയിൽ പതാക ഉയർത്തും. സാഹിത്യോത്സവിന്റെ ഭാഗമായി പുസ്തകലോകം, എജ്യൂ നെക്സ്റ്റ്, കരിയർ ക്ലിനിക്, ഇൻഫർമേഷൻ സെൻ്റർ പ്രവർത്തന സജ്ജമാവും.
എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച വൈകിട്ട് നാലിന് സാഹിത്യോത്സവ് ഉദ്ഘാടന സംഗമം നടക്കും. പ്രമുഖ അക്കാദമിക് വിദഗ്ധനും എഴുത്തുകാരനുമായ ഡോക്ടർ ടി.ടി ശ്രീകുമാർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 3 നു സമാപന സംഗമം പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.