മലപ്പുറം: കാത്തുസൂക്ഷിച്ച സ്വർണവള മൂന്ന് വർഷങ്ങൾക്കപ്പുറം കാക്ക കൊത്തികൊണ്ട് പോയി, ഇപ്പോൾ അത് തിരികെ കിട്ടിയിരിക്കുകയാണ്. മഞ്ചേരി വെടിയംകുന്ന് സ്വദേശിയായ സുരേഷിന്റെ ഭാര്യ രുഗ്മിണിയുടെ ഒന്നരപവൻ സ്വർണവളയാണ് കാക്ക കൊത്തികൊണ്ടുപോയത്. കഴിഞ്ഞ ദിവസം മാങ്ങ പറിക്കാനായി മാവിൽ കയറിപ്പോഴാണ് ചെറുപള്ളി സ്വദേശിയായ അൻവർ സാദത്തിന് മാവിന്റെ ചില്ലയിൽനിന്ന് മുറിഞ്ഞുകിടക്കുന്ന വളകൾ ലഭിച്ചത്.
യഥാർഥ ഉടമയെ കണ്ടെത്തി എൽപ്പിച്ചുകൊടുക്കണമെന്ന ആഗ്രഹം തൃക്കലങ്ങോട് പൊതുജന വായനശാലാ ഭാരവാഹികളോട് പറഞ്ഞു. അൻവറിന്റെ ആഗ്രഹപ്രകാരം വായനശാല നവമാധ്യമങ്ങളിൽ വിവരമറിയിച്ചു. ഇതറിഞ്ഞ സുരേഷും ഭാര്യയും വായനശാലയെ സമീപിച്ചു.
ആഭരണം വാങ്ങിയ തീയതിയും ബില്ലും മോഡലുമെല്ലാം സുരേഷ് ഭാരവാഹികളെ ബോധ്യപ്പെടുത്തി. ജ്വല്ലറിയിൽ നടത്തിയ അന്വേഷണത്തിൽ സുരേഷും ഭാര്യയും നൽകിയ വിവരം ശരിയാണെന്ന് ബോധ്യപ്പെട്ടു. വായനശാലാ അധികൃതരുടെ സാന്നിധ്യത്തിൽ അൻവർ സ്വർണവള ഉടമകളെ ഏൽപ്പിച്ചു.