തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാർഷിക പദ്ധതികൾ നേരത്തേ തയാറാക്കാൻ നിർദേശം. നിലവിലെ പദ്ധതികളിൽ പുനരവലോകനത്തിന് സമയം നിലനിൽക്കെയാണ് പുതിയ നിർദേശം. 2026 മാർച്ച് 31 വരെ കാലാവധിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഉൽപാദന, ക്ഷേമ, പശ്ചാത്തല മേഖലകളിൽ അംഗീകാരം ലഭിക്കേണ്ട പദ്ധതികൾക്കാണ് നിർദേശം ബാധകമാകുക. എന്നാൽ, സംസ്ഥാനത്തെ പല പഞ്ചായത്തുകളും വാർഷിക പദ്ധതികൾ തയാറാക്കി അംഗീകാരം നേടിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി 2025 ഒക്ടോബറിൽ പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനാൽ ആഗസ്റ്റ് അവസാനത്തോടെ വാർഷിക പദ്ധതി ആസൂത്രണം ചെയ്യണമെന്നാണ് ഉത്തരവ്. പദ്ധതികൾ സംബന്ധിച്ച് കലണ്ടറും രൂപവത്കരിക്കണം. ഗുണഭോക്തൃ സമിതികൾ യോഗം ചേർന്ന് ഗുണഭോക്താക്കളെ ക്രോഡീകരിച്ച് ഗ്രാമസഭകളുടെ അനുമതിയോടെ പട്ടിക അന്തിമമായി തയാറാക്കണം. നിർവഹണ ഏജൻസികൾ, വെണ്ടർമാർ, കരാറുകാർ എന്നിവരുമായി കരാറുകൾ പൂർത്തീകരിക്കാനും നിർദേശമുണ്ട്.
പൊതുമരാമത്ത് പ്രവൃത്തികളുടെയും ഇലക്ട്രിക്കൽ പ്രവൃത്തികളുടെയും സാങ്കേതിക-ഭരണാനുമതികൾ നേടി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരുമായി എഗ്രിമെന്റുകളിൽ ഒപ്പുവെക്കുന്നതുവരെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കണം. എല്ലാ ജില്ല ജോയന്റ് ഡയറക്ടർമാരും പ്രവൃത്തികൾ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തി പുരോഗതി വിലയിരുത്തുകയും വേണം. സെപ്റ്റംബർ ഒന്നിന് ജില്ല ജോയന്റ് ഡയറക്ടർമാർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണം.