പനിക്കാലം വന്നു; 10,000-ത്തിലധികം പേർ ദിനംപ്രതി ചികിത്സതേടുന്നു, ആശങ്കയായി എലിപ്പനി #fever
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലേറെപ്പേർ. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാൻ കാരണമെന്നാണ് നിഗമനം. വൈറൽ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി എന്നിവയും മിക്കജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞമാസം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നത് ആശങ്കസൃഷ്ടിച്ചിരുന്നു. ഇപ്പോൾ 45 പേരേ ചികിത്സയിലുള്ളൂ. ഒരാഴ്ചയ്ക്കിടെ മൂന്നൂറിലധികം പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഈവർഷം 37 പേർ ഡെങ്കിബാധിച്ച് മരിച്ചു. 4883 പേർ ഇൗ മാസംമാത്രം ചികിത്സതേടി.എലിപ്പനിബാധിച്ച് ഇക്കൊല്ലം 88 മരണം സ്ഥിരീകരിച്ചു. ഇതിൽ 23 പേരും മരിച്ചത് ഈമാസമാണ്.
എലിപ്പനിക്ക് ചികിത്സതേടിയ 69 പേരുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കാനുമുണ്ട്. വളരെ വൈകിമാത്രമാണ് എലിപ്പനിസ്ഥിരീകരിക്കുന്നതും ചികിത്സതുടങ്ങുന്നതുമെന്നതാണ് മരണനിരക്കുയരാൻ കാരണമെന്നാണ് നിഗമനം. 516 പേർ ഈമാസം മാത്രം ചികിത്സതേടിയിട്ടുണ്ട്.
2023 ജനുവരിമുതൽ ജൂലായ് വരെയുള്ള ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ വിവരം വിശകലനംചെയ്ത് എല്ലാ ജില്ലകളിലെയും ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റുവകുപ്പുകളുടെയും സഹായത്തോടെ പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടെങ്കിലും പലയിടത്തും കാര്യമായി നടന്നില്ല.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.