തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിനായി പരക്കം പായുന്നവരുടെ ദുരിതങ്ങള്‍ക്ക് അവസാനം. സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നും വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഒരു ആപ്ലിക്കേഷൻ ഉടൻ തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 'ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം തയ്യാറാക്കിവരികയാണ്.
ആപ്ലിക്കേഷൻ നടപ്പിലാക്കിക്കഴിഞ്ഞാൽ, രക്തം ആവശ്യമുള്ള രോഗികള്‍ക്ക് വേണ്ടി എവിടെ നിന്നും രക്തബാങ്കുകളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുകയും സഹായം എത്തിക്കാൻ കഴിയുകയും ചെയ്യും. സംസ്ഥാനത്തെ സ്വകാര്യ രക്തബാങ്കുകളെ ഈ സോഫ്റ്റ്‌വെയറിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
രോഗികൾക്ക് രക്തം തിരയുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് കൂട്ടിരിപ്പുകാരെ മോചിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 ശതമാനം സന്നദ്ധ രക്തദാനം നടക്കുന്ന ഒരു രാജ്യമായി നമ്മുടെ രാജ്യത്തെ മാറ്റേണ്ടതുണ്ട്. രക്തബാങ്കുകളെ ബന്ധിപ്പിക്കുന്ന ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി പദ്ധതി ആ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.