ബിഗ് സ്‌ക്രീനിന് ശേഷം, പുഷ്പ 2 മിനി സ്‌ക്രീനിലും ആധിപത്യം സ്ഥാപിച്ചു. രാജ്യത്ത് മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടചിത്രമായി മാറുകയാണ് അല്ലു അർജുൻ നായകനായ 'പുഷ്പ 2'.
1800 കോടി കളക്ഷൻ നേടിയ 'പുഷ്പ 2' ന്റെ ഹിന്ദി പതിപ്പ് അടുത്തിടെ ലോക ടെലിവിഷൻ പ്രീമിയർ നടത്തി. 5.1 എന്ന ടിവിആർ റേറ്റിംഗോടെ രാജ്യമെമ്പാടുമുള്ള 5.4 കോടി കാഴ്ചക്കാരെ ഈ ചിത്രം നേടി. ഈ വർഷം ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമായി 'പുഷ്പ 2' മാറി. റേറ്റിംഗിൽ സ്ത്രീ 2, പത്താൻ, അനിമൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളായ നിരവധി ചിത്രങ്ങളെയും 'പുഷ്പ 2' മറികടന്നു.
നിലവിലുള്ള എല്ലാ റെക്കോർഡുകളും തകർത്ത ഈ ടെലിവിഷൻ പ്രീമിയർ അല്ലു അർജുന്റെ കരിയറിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ്. അല്ലു അർജുന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ. ഗദ്ദർ അവാർഡുകൾ എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷത്തിനുശേഷം പ്രഖ്യാപിച്ചപ്പോൾ, മികച്ച നടനായും അല്ലുവിനെ തിരഞ്ഞെടുത്തു.