ആശാവര്‍ക്കേഴ്‌സ് നൂറാം സമര ദിനത്തിലേക്ക്..#strike

 


രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷിക ദിനമായ ഇന്ന് ആശാവർക്കേഴ്സിൻ്റെ നൂറാം സമര ദിനമാണ്. ഈ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിൽ ആക്കിയ സമരം 100 എന്ന നാഴികക്കല്ല് പിന്നിടുന്നത് ഇതേദിവസം യാദൃശ്ചികതയാണ്. കേരളത്തിൻ്റെ സ്ത്രീ സമര ശക്തി സർക്കാരിന് ബോധ്യപ്പെട്ട 100 ദിവസങ്ങൾ കഴിഞ്ഞ് പോയത്.

സംസ്ഥാന സർക്കാരിനെ മുള്മുനയിൽ നിർത്തിയ സമരമാണ് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ആശാ സമരം നയിച്ചത്. ഈ വർഷം ഫെബ്രുവരി 10നാണ് സമരം ആരംഭിച്ചത്. പത്ത് ആവശ്യങ്ങൾ ഉണ്ടായിരുന്നു. ആശാവർക്കേഴ്‌സിൻ്റെ ഓണറേറിയം 7000 രൂപ. സമരം തുടങ്ങുമ്പോൾ മൂന്നുമാസമായി ആ തുക കുടിശികയായിരുന്നു. കുടിശിക തീർക്കണം എന്നതായിരുന്നു സമരാവശ്യങ്ങളിൽ ഒന്ന്. 7000 രൂപാ പത്തു മാനദണ്ഡങ്ങൾ സർക്കാർ അടിച്ചേൽപ്പിച്ചിരുന്നു. അത് പിൻവലിക്കണം എന്നതായിരുന്നു മറ്റൊരു സമരാവശ്യം. ഏഴായിരത്തിൽ നിന്ന് 21,000 ആക്കി ഓണറേറിയം വർധിപ്പിക്കണമെന്നത് മറ്റൊരാവശ്യം. വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക, അധിക ജോലിഭാരം ഒഴിവാക്കുക തുടങ്ങി പിന്നെയും ആവശ്യങ്ങൾ ഉണ്ടായിരുന്നു.


സമരം തുടങ്ങി അഞ്ചാം നാൾ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറേറ്റിൽ നിന്നും സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചു. ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ഫെബ്രുവരി 15ന് സമരത്തിൻ്റെ ആറാം ദിവസം ആശാവർക്കേഴ്‌സ് കുടുംബ സംഗമം നടത്താനായിരുന്നു തീരുമാനം. അന്ന് രാവിലെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് സമര നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. പ്രതീക്ഷയോടെ ചർച്ചയ്ക്ക് പോയവർക്ക് നിരാശയായിരുന്നു ഫലം. സമരക്കാരുടെ ആവശ്യങ്ങൾ പോലും മനസിലാക്കാതെ വിളിച്ച പ്രഹസന ചർച്ച. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മൂലം കുടിശിക പോലും ഉടൻ ലഭിക്കില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ചർച്ചയ്ക്ക് പിന്നാലെ സമരം കടുപ്പിച്ചു. സമരത്തിന് ശ്രദ്ധ കിട്ടി. ആദ്യം മുഖം തിരിച്ചു പ്രതിപക്ഷ നേതാക്കൾ സമരപ്പന്തലിലേക്ക് എത്താൻ മത്സരിച്ചു.

ഫെബ്രുവരി 20ന് നടന്ന മഹാസംഗമത്തിലെ ആൾക്കൂട്ടം സർക്കാരിനെയും വിറപ്പിച്ചു. ഒരു കടലാസ് സംഘടനയ്ക്ക് തലസ്ഥാന നഗരിയെ നിശ്ചലമാക്കും വിധം ആളെത്തിക്കാൻ കഴിഞ്ഞു. പിന്നാലെ മൂന്നുമാസം കുടിശികയിൽ നിന്ന് രണ്ടുമാസത്തെ കുടിശികയുടെ തുക അനുവദിച്ചു. സമരത്തിൻ്റെ ആദ്യ വിജയം. ദിവസങ്ങൾക്ക് ശേഷം ഒരു മാസത്തെ ഓണറേറിയം കൂടി അനുവദിച്ചതോടെ കുടിശിക തീർന്നു. അതിനിടയിൽ ഓണറേറിയ മാനദണ്ഡങ്ങളും ഒഴിവാക്കുന്നുവെന്ന് അറിയിപ്പ് വന്നു. പക്ഷേ ഓണറേറിയം വർധനവില്ലാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ആശാ വർക്കേഴ്‌സ് തുടരുകയാണ്.

നിയമസഭാ മാർച്ച്, വനിതാ സംഗമവും , സെക്രട്ടറിയേറ്റ് ഉപരോധവും, മുടി മുറിക്കൽ സമരവും ഉൾപ്പെടുന്ന പല സമര രീതികളും കണ്ടു. ഇതിനിടയിൽ മാർച്ച് 20ന് അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. മെയ് ഒന്നു വരെ തുടർച്ചയായി നിരാഹാര സമരം അവസാനിപ്പിച്ചത് പുതിയ സമരം പ്രഖ്യാപനത്തോടെയായിരുന്നു. എല്ലാ ജില്ലകളും കടന്നുപോകുന്ന രാപ്പകൽ സമര യാത്ര പ്രഖ്യാപിച്ചു. സമര യാത്ര വടക്കൻ ജില്ലയിൽ പര്യടനം തുടരുകയാണ്. നൂറാം ദിവസമായ ഇന്ന് 100 സമരപ്പന്തലുകൾ സെക്രട്ടറിയേറ്റ് നടയിൽ ഉയർന്നതാനാണ് തീരുമാനം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0